Tuesday, February 26, 2013

പാഴ്ജന്മം

നിന്റെ പാദത്തിന്നടിയില്‍,
ഒരു വിത്ത്‌ മുളപൊട്ടിയിരിക്കുന്നു.
അഹങ്കാരത്തിന്റെ ആത്മബലത്തില്‍,
ഇനി അതിനെ പാലൂട്ടി വളര്‍ത്താം

സ്നേഹത്തിന്റെ കൈത്താങ്ങുമായി
ചുറ്റും തോഴിമാര്‍ നിരന്നു നില്‍ക്കുന്നു.
നിന്റെ ദൈന്യതയാര്‍ന്ന-
മുഖം കണ്ട പാവങ്ങള്‍.

കൌശലത്തില്‍ നീ ഒന്നാമന്‍.
ഇരകളെ വീഴ്ത്താന്‍ പ്രാപ്തിയുള്ളവന്‍
നിന്റെ സിരകളില്‍ ഊറി നില്‍ക്കുന്നത്
പ്രതികാരഭാവങ്ങള്‍ .
രാത്രിയില്‍ മാത്രേ നിന്റെ
കണ്ണുകള്‍ പ്രകാശിക്കൂ ....

തെരുവ്നായ്ക്കളോടോത്തു
അന്തിയുറങ്ങിയതു  നായയുടെ ജന്മം ...
ആഗ്രഹിച്ച നിന്റെ പ്രാര്‍ത്ഥനയുടെ ഫലമാവാം.
ഇനിയെങ്കിലും ഇവ രണ്ടുമല്ലാത്ത
ഒരു ജന്മം ഉണ്ടാവട്ടെ....

ഒടുക്കം

എന്റെ വഴിയില്‍ നിന്റെ ഓര്‍മ്മകള്‍
പായല്‍ മൂടിക്കിടക്കുന്നു.....
ഒന്ന് വകഞ്ഞു മാറ്റാനോ
വഴി മാറി കടന്നു പോകാനോ ആവാതെ
എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്നു.....
എന്നില്‍ ബാക്കിയായ നിശ്വാസങ്ങള്‍
ശാന്തികിട്ടാതലയുന്നു .
ഒരുതുള്ളി പോലും അവശേഷിപ്പിക്കാതെ
നീയെന്നില്‍ നിന്നൂറ്റിയെടുത്ത ജീവരക്തത്തിന്റെ
ഒരു കണികയെങ്കിലും തിരിച്ചു തന്നിരുന്നെങ്കില്‍ ......

യാത്രാമൊഴി.


എനിക്ക് പോകാനുള്ള സമയമായി.
യാത്രാസഞ്ചിയില്‍ എടുത്തു വച്ച എന്റെ മെതിയടി
ഇനിയൊരു പട്ടാഭിഷേകവും ആഗ്രഹിക്കില്ല.
പട്ടടയില്‍ എന്റൊപ്പം എറിഞ്ഞു തീരാന്‍
കൊതിചിരിക്കുന്നു അവയും.....
പടിപ്പുര കടന്നെത്തുന്ന ഇളം കാറ്റിനു
ഇന്ന് മധുരം കൂടുകയാണോ...?
എന്റെ നെഞ്ചിടിപ്പിന്റെ വേഗത
ക്രമാതീതമായി കൂടുന്നു ...
തയ്യാറെടുത്തു നിന്നാലും
ഉല്‍ഭയത്തിനു ഒരു കുറവുമില്ല
ഇനിയൊരു യാത്രാമൊഴിയേകാന്‍
എന്റെ നാവുകള്‍ക്ക് ശക്തികിട്ടിയില്ലെങ്കിലോ ?
ഓരോ പുല്‍നാമ്പും എന്റെ കണ്ണീരില്‍
നനയാന്‍ കാത്തിരിക്കുന്നുവോ?
എനിക്കായി നിങ്ങള്‍ തന്ന സ്നേഹത്തിനു
ഒരു കുന്നിമണിയോളം തിരിച്ചു തരാനായില്ല.
എങ്കിലും നിങ്ങടുടെ കണ്ണുകള്‍
ചുണ്ടുകള്‍ എന്നെയോര്‍ത്ത് വിതുംബുന്നു...
സ്നേഹത്തിന്റെ ഗോവണിപ്പടികള്‍
ഇറങ്ങി ഞാന്‍ പോകുമ്പോള്‍ ,
നിങ്ങളില്‍ നിന്ന് പിന്‍വിളി അരുത്....
3
...

അമ്മത്തൊട്ടില്‍


നീയേതു മകനേ, എന്‍ മടിത്തട്ടിലേക്ക്
വലിച്ചെറിഞ്ഞതേതമ്മതന്‍ കരങ്ങള്‍
നീയാര് മകനേ, നിന്‍ മുഖശ്രീയില്‍
സ്വര്‍ഗ്ഗലോകമതൊന്നു കാണ്മൂ ഞാന്‍.
എത്ര പൈതങ്ങളെ വാരിയെടുത്തു
മാറോട് ചേര്‍ത്തമര്‍ത്തി താരാട്ടി ഞാന്‍,
കരയരുത് മകനേ ഈ തൊട്ടിലില്‍ ഇനി
നിന്റെ സന്തോഷ സുന്ദര നിമിഷങ്ങളാവട്ടെ
നിന്റെ കണ്ണുകളിനി നിറഞ്ഞുതൂവാതിരിക്കട്ടെ
ഈ മടിത്തൊട്ടിലില്‍.....
നിന്നെ ഞാനെന്തുപേര്‍ ചൊല്ലി വിളിക്കണം
ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ല്ലിമോ അല്ലാതെ
കര്‍ണനെന്നു വിളിക്കാനാവില്ല, കാരണം
നിന്റെ കാതില്‍ കവച കുണ്‍ഠലങ്ങളില്ലല്ലോ
മണികണ്‍ഠനെന്നെങ്ങിനെ വിളിക്കും
നിന്റെ കഴുത്തില്‍ മണിയുമില്ലല്ലോ
ഏതു പുല്‍കൂട്ടിലാണെന്നറിയില്ല നിന്റെ ജനനം.
നിന്നെ പ്രസവിച്ചതേതു മേനകയാണോ,
നിന്റെ പിറവി ഏതു കാരാഗൃഹത്തിലായാലും
നീ വന്നു വീണ ഈ മടിത്തട്ട്-- ..---------
ഈശ്വരന്റെ തൊട്ടിലാണെന്നു മാത്രമറിയുക നീ.

മഴ

മുത്തോലകുട ചൂടി മൂവന്തിനേരത്ത്
മുത്തണി കാറ്റേ നീ വരില്ലേ...
മുത്താരം കുന്നിനെ മുത്തിയുണര്‍ത്തി നീ
മുത്തായി മഴയായ് പൊഴിയുകില്ലേ...
തുടികൊട്ടും താളങ്ങള്‍ കേട്ടു ഞാന്‍
നിന്നെ വരവേല്‍ക്കാനായി കാത്തിരുന്നു
നീയെന്തേ വന്നില്ല നിന്‍ സ്വരം കേട്ടില്ല
എന്‍ മനം എന്തെന്നറിഞ്ഞതില്ല, നീ അറിഞ്ഞതില്ല.
നിന്റെ കിലുകിലാരവം കേള്‍ക്കാന്‍
ഏഴു സ്വരങ്ങളും ഞാന്‍ പാടി
എന്നിട്ടുമെന്തേ നീ വന്നതില്ല
വാര്‍മുകിലെ നിന്നെ കണ്ടതില്ല.

ആത്മാവിന്‍ നൊമ്പരം (ഓര്‍ക്കുന്നുവോ കിളിരൂര്‍ ശാരി യെ)


പാതിവിടര്‍ന്നൊരാ താമരമൊട്ടിനെ-
പങ്കിലമാക്കിയ ക്രൂരതയില്‍
പകരമാവില്ല ശാരിക പൈതലേ ഈ
പരതുന്ന വാക്കും, പതറുന്ന പേനയും...

സ്വയമറിയാതിറങ്ങിയ കുഴിയില്‍
ചിതലരിച്ചു പോയൊരാ ജന്മസ്വപ്നം
ഒരു പിടി നരാധമന്മാരുടെ
അടങ്ങാത്ത കാമാന്ധത്തില്‍
വിടപറഞ്ഞു പോയൊരാ അമ്മതന്‍
ആത്മാവിന്‍ നൊമ്പരം
മാനവനൊരു നാളും മറന്നീടില്ല.

വിറയാര്‍ന്ന കണ്‍ഠത്തില്‍ നിന്നുതിരും വാക്കിനെ
വിരലമത്തീടുന്ന നീരാളികള്‍ ,
നീണ്ടുകൂര്‍ത്ത ദൃംഷ്ടങ്ങളാലെ
നിലയുറപ്പിച്ചീടുന്നവള്‍ക്കു ചുറ്റും
അവളൊന്നവസാനിച്ചിരുന്നെങ്കിലെന്നവര്‍
ഒരു മാത്ര ആശിച്ചിരുന്നിരിക്കാം...

ഒരായിരം നാഗങ്ങളിഴഞ്ഞു നീങ്ങിയ
ഒരു പെണ്ണിന്‍ പ്രജ്ഞയററ ശരീരം
നെഞ്ചിന്‍ നെരിപ്പോടില്‍ നിന്നുയരുന്ന
തീജ്വാല കണക്കെയാരൂപം

നീറുന്ന മനസ്സിലൊരുണങ്ങാത്ത മുറിവുമായ്
നീരുവററാത്തൊരു ചീര്‍ത്ത മുഖം
ഞെട്ടിത്തരിച്ചു പോയാമുഖം കണ്ടപ്പോള്‍
വിരിയാത്ത പൂവിന്‍ വിതുമ്പുന്ന ഗദ്ഗദം പോല്‍
വീണടിയുന്ന വിധി തന്‍ വിളയാട്ടം
വിധിയെന്നു പുലമ്പി വിലപിക്കുന്നമ്മമാര്‍
വിങ്ങലോടെ പിരിഞ്ഞു പോകുന്നു
തലകുമ്പിട്ടിരിക്കുന്ന താതന്മാര്‍
തന്റെ പുത്രിക്കു നല്‍കാനുള്ള കവച്ചമോര്‍ത്തോര്‍ത്ത്...

ജന്മം തന്നവനാരെന്നറിയാതെ
ജന്മഭൂമിതന്‍ മാറില്‍ കൈകാലിട്ടടിക്കുന്നു
പാല്‍ മണം മായത്ത കൊച്ചു ചുണ്ടില്‍
മണി മുത്തമേകാതെ വിടപറഞ്ഞോരമ്മതന്‍
ആത്മാവിന്‍ അടങ്ങാത്ത മ്പ
മാനവനൊരു നാളും മറന്നീടില്ല.

കുരുന്നിളം കുഞ്ഞിന്റെ കണ്ണില്‍ നിന്നടരുന്ന
കണ്ണീര്‍തുള്ളികളൊരു ലാവകണക്കെ
മണ്ണിനെ ചുട്ടുപൊള്ളിക്കുമ്പോള്‍
മറക്കാനകുമോ മാനവന് ...
ഉറങ്ങാനാകുമോ പാപികള്‍ക്ക്‌

തണല്‍മരം



രാഷ്ട്രീയമില്ല ,മതവുമില്ല എനിക്ക്  ,എന്നിട്ടും
നിങ്ങളെന്‍റെ തലയും കയ്യും ഛെദിച്ചില്ലേ
കഴുത്തു വെട്ടുമ്പോള്‍ എന്തിനുവേണ്ടി
നിങ്ങളെന്റെ തല മൂണ്ഡനം ചെയ്തു.
ശ്രേഷ്ഠഭാവങ്ങളെ ചെപ്പിലടച്ചു
കുരുതിക്കളത്തില്‍ തര്‍പ്പണം ചെയ്യും
തലമുറകളെ.......
നിങ്ങളെന്തിന് ഈ വയോവൃദ്ധനെ.....
അര്‍ദ്ധ പ്രാണനാക്കി...?
നിങ്ങളെന്നിലെ കമ്മ്യുണിസ്സത്തെ
ഒറ്റുകൊടുത്തില്ലേ..?
കത്തിപുകയുമഗ്നി ചൂടില്‍ ഞാന്‍
നിങ്ങള്‍ക്കു വിശ്രമമേകിയില്ലെ....
നവോത്ഥാനമെന്നുദ്ഘോഷിക്കും
നാടിനെ ശിഥിലമാക്കും, തലമുറകളെ ....
ആര്‍ത്തരായ നിങ്ങളുടെ ചിത്തത്തില്‍
ആര്‍ഷഭാരതമെങ്ങു തലതാഴ്ത്തി
ആര്‍പ്പുവിളികളില്ലാ, എങ്ങും-
ആര്‍ത്തനാദം മാത്രം.....
മര്‍ത്ത്യന്‍റെ അന്തരാളത്തില്‍ ഒതുങ്ങുന്നു
നീര്‍ത്തടമില്ലാത്ത ഭൂമിതന്‍ വെഞ്ചെരിപ്പ്.