Sunday, June 9, 2013

എങ്കിലും



നിഴലെന്നെ തേടി നടന്നതില്‍ പിന്നെയാ
ഞാനവയെ കൂട്ടിലാക്കാന്‍ ശ്രമിച്ചത്..
മൌനത്തിന്‍ ചരട് കൊണ്ട് ഞാനവയെ
ബന്ധിച്ചിരുന്നു ,എങ്കിലു
ഒഴുകി ഒഴുകി ഒടുവില്‍ ഹൃദയം വഴി
ഒഴുകിയതിനാണ് ഞാനവയ്ക്ക്
ഓര്‍മ്മകളുടെ തോണി കൊടുത്തത്
അവ മുങ്ങില്ലെന്ന് വിശ്വസിക്കുന്നു ,എങ്കിലും .
പല വഴികളിലായി മനസ്സിന്റെ തെരോട്ടത്തെ
ഒരേ ഒരു വഴിയിലായി ഒതുക്കി നിര്‍ത്തി,എങ്കിലും
എവിടെയെന്നറിയാതെ,
എങ്ങോട്ടേക്കോ പോകുന്ന ചിന്തകളെ
ബന്ധനത്തിലാക്കാന്‍ മാത്രമായില്ല ..
അവയെ ഞാന്‍ പറക്കാന്‍ വിട്ടു .
ചിറകുകളില്ലെങ്കിലും.

സ്വപ്നം ...പറയാന്‍ ബാക്കി വച്ചത് .



സങ്കല്പ്പത്തിലേക്കുള്ള നിന്റെ യാത്രകള്‍
പരിമിതിക്കുള്ളിലുള്ളതാണ്
എന്നും പാതിവഴിയില്‍ ഉപേക്ഷിച്ചവയും
ഇനിയെനിക്ക് കൂട്ട് വരാനാവില്ല
വലിച്ചെറിയുമ്പോള്‍ ചോര പോടിയുന്നുണ്ട്.
സ്വപ്നങ്ങള്‍ക്ക് ആയുര്‍ ദൈര്‍ഘ്യം കുറവാണെന്ന്
ഒരിക്കല്‍ പോലും മനസ്സിലാക്കാതെ
പിന്നീട് അവയെ കൂട്ട് പിടിക്കുന്നത്‌ മൂഡത്വമാണ്
യാതാര്‍ത്യങ്ങളിലേക്ക് ഞാന്‍ വരാം
അതുമാത്രമേ നിന്നിലൂടെ പുനര്‍ജനിക്കൂ
അവയ്ക്കു കൂടൊരുക്കാന്‍ ഇനി ഞാന്‍ കൂടിയേ തീരൂ
ആ യാത്രയില്‍ നീ കൈവിടില്ലെന്ന വിശ്വാസവും.

എന്നെ നഷ്ട്ടമായ ഞാന്‍.



എന്റെ ഹൃദയത്തുടിപ്പിനു
ഇന്നലെ മുതലൊരു
താള ഭംഗം
നാവിലെ രസമുകുളങ്ങള്‍ക്ക്‌
ഇന്നലെ മുതല്‍
ഒരു രുചി വ്യത്യാസം
നാസാ രനധ്രങ്ങളില്‍
ഇന്നലെ മുതലൊരു
ദുര്‍ഗന്ധം പടര്‍ന്നു കയറുന്നു
കാറ്റിന്റെ ശീലുകള്‍ ചെവിക്കകത്ത്
സ്വരഭേദം തീര്‍ക്കുന്നു
ഇന്നലെ മുതല്‍ എനിക്ക് നഷ്ട്ടമായ
എന്നെ തിരയാന്‍
വിവേചനത്തിന്റെ സുഹൃത്ത്
എനിക്കൊരു ചൂട്ടു തന്നു
കണ്ണുകള്‍ മാത്രം നഷ്ട്ടമാവാത്ത ഞാന്‍
വഴി നീളെ വെളിച്ചം വിതറി
ഒന്ന് നടന്നു ,എന്റെ കാലുകള്‍
തളരുമ്പോഴേക്കും
തിരിച്ചറിവ് കൂടെ ഇറങ്ങി
എനിക്കെന്നെ തിരിച്ചു കിട്ടി.

Wednesday, June 5, 2013

നിനക്ക്

 എന്റെ നെഞ്ചിലൂടെ ഇരമ്പിയാര്‍ക്കുന്നു
നിന്റെ വാക്കുകള്‍ ,നീയാരാണ്
സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണചിറകു
നല്‍കാന്‍ വന്നതോ
വേദനകള്‍ക്ക് ചൂടേറ്റാന്‍ വന്നതോ
നിന്റെ നീറുന്ന അനുഭവങ്ങള്‍ എന്റെ സിരകളിലൂടെ
ഒരഗ്നിയായി പടര്‍ന്നു ..പിന്നീട് അത്
മേഘ ധൂമം പോലെ ഊര്‍ന്നിറങ്ങുമ്പോള്‍
ഉള്‍ക്കുളിരോടെ ഓരോ തുള്ളിയെയും
വരവേല്‍ക്കുമ്പോള്‍
നനഞ്ഞു പടരുന്ന നിന്റെ ഓര്‍മ്മകള്‍ ,അവയെ
അറിയാന്‍ ശ്രമിക്കും തോറും
അകന്നു പോകുന്ന മരീചിക
ഗഗന വഴിയിലെ സഞ്ചാരത്തിന്നിടയില്‍
എപ്പോഴോ നിന്റെ പാദങ്ങള്‍
എന്റെ ഹൃദയ വഴിയിലും
നീ ഒഴുകുക എന്നിലൂടെ
എന്നെ അറിയാവുന്ന വീഥികളിലൂടെ
ഉള്ളില്‍ പിടക്കുന്ന വേദനയിലും
ഞാനവ സ്വീകരിക്കാം
പകര്‍ന്നില്ലെങ്കിലും
പറന്നെത്തി ഞാനതു ആവാഹിക്കാം
അതിലൂടെ നിന്റെ വേദനകള്‍ക്ക് ശമനം കിട്ടുമെങ്കില്‍
ഞാനത് കൊരിക്കുടിക്കാം.

കബന്ധങ്ങള്‍ തിരയുന്ന വേര്

നിന്റെ കാല്പാദങ്ങള്‍ക്ക് നടുവില്‍ ഒരു ഭൂമി പിടക്കുന്നു
എരിയുന്ന ചൂടിന്റെ സഹന ജ്വലിതത്തില്‍
കനല്‍ കാറ്റിന്റെ മൊരുത്ത ഞരമ്പുകള്‍ വലിഞ്ഞു മുറുകി
ഒരു പുതിയ ഭൂമി ജന്മമെടുക്കുന്നു......
വരണ്ടു കീറിയ നാവുകള്‍ ശ്വേത വര്‍ണ്ണമാകുന്നു...
വാര്‍ന്നു തീര്‍ന്ന രക്ത ത്തുള്ളികള്‍ പോലും
നൊട്ടി നുണക്കാനാവാതെ ,ഞെരിപിരി കൊള്ളുന്നു
പൊതിഞ്ഞു നീങ്ങുന്ന കൈവേരുകളില്‍ ശിഖരം
താണുവീണു ദാഹാര്‍ത്തനാകുന്നു.
മിടിപ്പുകള്‍ ഏറ്റുവാങ്ങുന്ന ഹൃദയത്തെ തള്ളിനീക്കി
പാദങ്ങള്‍ താളം ചവിട്ടുന്നു
ദയനീയമായ നോട്ടം പ്രതീക്ഷിച്ചു നില്‍ക്കുന്നവനു നേരെ
കൂര്‍ത്ത ശരങ്ങള്‍ ദിശതെറ്റാതെ നീണ്ടു വരുന്നു.....
വിളറി പിടിച്ചോടുന്ന വേട്ടനായ്ക്കള്‍ ചുറ്റിലും
കബന്ധങ്ങള്‍ തിരയുമ്പോള്‍ ,കൂട്ടിലിട്ട വെരുകിനെപ്പോലെ
പൊട്ടിത്തെറിക്കാന്‍ ആവാതെ....
ഒറ്റക്കാലില്‍ തപസ്സു ചെയ്യേണ്ടി വരുന്നവന്റെ ദുരവസ്ഥ.....
ചുറ്റും പുകയുന്ന അഗ്നി ദണഡുകള്‍ക്കു നടുവില്‍
ഇത്തിരി ഇത്തിരി മാത്രം ദാഹജലം പ്രതീക്ഷിച്ചു........

Tuesday, February 26, 2013

വ്യൂഹം

(ഇത് കവിതയാണെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല.....ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഇങ്ങനെയൊരു കാഴ്ച കണ്ട എനിക്ക് തോന്നിയ ഒരു കുസൃതി....അത്രയേ ഇതിലുള്ളൂ....പക്ഷെ അത്രയും ഇതിലില്ലേ?)


പള്ളിക്കൂടം പോകും, കുട്ടികള്‍
പതിവായെത്തുംകവലകളില്‍
പരസ്യബോര്‍ഡുകള്‍ അഞ്ചാറെണ്ണം
പലപല വര്‍ണ്ണപോസുകളില്‍.
മുതിര്‍ന്നകുട്ടികളൊരു വിഭാഗം
നിരന്നുനിന്നു പോസ്റ്ററിനരികില്‍
വഴിവക്കിലുളള യുവവിഭാഗം
തമ്മില്‍ നോക്കിചിരിതൂകി
കാരണമെന്തെന്നോ?
ചുറ്റും അശ്ലീലപടങ്ങളത്രെ.
കൊച്ചുകുട്ടികള്‍ വീട്ടിലെത്തി
അമ്മയോടായി ചോദ്യങ്ങള്‍
പൊറുതിമുട്ടിയ അമ്മയപ്പോള്‍
പ്രാകി നമ്മുടെനടിമാരെ
നിശ്ചലരായി കാണും കുട്ടികള്‍
എ.എകസ്.എന്‍ ഉം, എം.ടി.വി യും
കൂണുകള്‍ പോലെമുളച്ചുപൊന്തും
ഇന്റെര്‍നെറ്റിന്‍ കഫെകളും
വന്‍നഗരങ്ങളില്‍ വലവീശിയെത്തും
പെണ്‍വാണിഭവും സീരിയലും
കൂടെകാണും വി.ഐ.പി കളും
പിന്നെ കൊച്ചു നടിമാരും
മൊബൈല്‍ഫോണിലോരോനിലും
മോഹിപ്പിക്കും വിളികളുമായ്
ഇത്ഥം ഈനാംചക്കികള്‍ ഉള്ളൊരു
നാടുകളെങ്ങിനെ നന്നാവും
മാനിഷാദ പാടാനിവിടെ
മറ്റൊരു കവിയും ഇല്ലല്ലോ
മാറില്ല നമ്മുടെ നാടുകളൊന്നും
എത്ര സഹായികള്‍ വന്നാലും
പാവനമായൊരുനാടിനെ നമ്മള്‍
പടുത്തുയര്‍ത്തീ പനപോലെ
പരിവര്‍ത്തനത്തിന്‍ പാതയില്‍ നമ്മള്‍
പോവുകയാണ് മുന്നോട്ട്
പരിതപിക്കുകയാണു നമ്മള്‍
പരിവൃദ്ധിവന്നൊരുനാടിനെയോര്‍ത്ത്
പരിഹൃതിയില്ലാനമ്മള്‍ക്കെന്നും
പഴുതാരകളുള്ള കാലം വരെയും...

ലളിതഗാനം


വാടിതളര്‍ന്നു നീ വന്നതറിഞ്ഞില്ല,
വാതായനങ്ങള്‍ തുറന്നതില്ല.
പൂമരചില്ലകള്‍ പൂത്തതറിഞ്ഞില്ല,
പുളകം കൊണ്ടതുമറിഞ്ഞില്ല...
ഞാനറിഞ്ഞില്ല.......

താരമേ നീയൊരു താമരപൂവായി,
താഴത്തു വന്നതും ഞാനറിഞ്ഞില്ല.
തളിരില തഴുകി വാര്‍തെന്നല്‍ വന്നതും,
കുണുങ്ങി ചിരിച്ചതും അറിഞ്ഞില്ല..
ഞാനറിഞ്ഞില്ല.......

ഏതോ സ്വപ്ന സായന്തനത്തില്‍ നിന്‍,
പൂമുഖം വാടിയതും ഞാനറിഞ്ഞില്ല.
എന്‍ ഇടനെഞ്ചു തുടിക്കുമാ കാലടിയൊച്ചതന്‍,
മര്‍മ്മര ശബ്ദമേ ഞാന്‍ കേട്ടതുള്ളൂ.