Tuesday, February 26, 2013

അമ്മത്തൊട്ടില്‍


നീയേതു മകനേ, എന്‍ മടിത്തട്ടിലേക്ക്
വലിച്ചെറിഞ്ഞതേതമ്മതന്‍ കരങ്ങള്‍
നീയാര് മകനേ, നിന്‍ മുഖശ്രീയില്‍
സ്വര്‍ഗ്ഗലോകമതൊന്നു കാണ്മൂ ഞാന്‍.
എത്ര പൈതങ്ങളെ വാരിയെടുത്തു
മാറോട് ചേര്‍ത്തമര്‍ത്തി താരാട്ടി ഞാന്‍,
കരയരുത് മകനേ ഈ തൊട്ടിലില്‍ ഇനി
നിന്റെ സന്തോഷ സുന്ദര നിമിഷങ്ങളാവട്ടെ
നിന്റെ കണ്ണുകളിനി നിറഞ്ഞുതൂവാതിരിക്കട്ടെ
ഈ മടിത്തൊട്ടിലില്‍.....
നിന്നെ ഞാനെന്തുപേര്‍ ചൊല്ലി വിളിക്കണം
ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ല്ലിമോ അല്ലാതെ
കര്‍ണനെന്നു വിളിക്കാനാവില്ല, കാരണം
നിന്റെ കാതില്‍ കവച കുണ്‍ഠലങ്ങളില്ലല്ലോ
മണികണ്‍ഠനെന്നെങ്ങിനെ വിളിക്കും
നിന്റെ കഴുത്തില്‍ മണിയുമില്ലല്ലോ
ഏതു പുല്‍കൂട്ടിലാണെന്നറിയില്ല നിന്റെ ജനനം.
നിന്നെ പ്രസവിച്ചതേതു മേനകയാണോ,
നിന്റെ പിറവി ഏതു കാരാഗൃഹത്തിലായാലും
നീ വന്നു വീണ ഈ മടിത്തട്ട്-- ..---------
ഈശ്വരന്റെ തൊട്ടിലാണെന്നു മാത്രമറിയുക നീ.

No comments:

Post a Comment