Tuesday, February 26, 2013

ഓര്‍ക്കുക വല്ലപ്പോഴും

'ഓര്‍ക്കുക വല്ലപ്പോഴും' എന്ന സിനിമ കണ്ടപ്പോള്‍,
ഭാസ്കരന്മാഷുടെ പ്രസിദ്ധമായ കവിത
മനസ്സില്‍ തെളിഞ്ഞു......'ഓര്‍ക്കുക വല്ലപ്പോഴും'
ഓര്‍ത്തപ്പോള്‍ സ്കൂള്‍ ജീവിതം ഓര്‍മ്മയിലെത്തി
ഓരോ കുട്ടിയുടെയും ഓട്ടോഗ്രാഫിലെ
അവസാന വരികള്‍
'ഓര്‍ക്കുക വല്ലപ്പോഴും.....'
ഓട്ടോഗ്രാഫ് എവിടെയാണ്?
ഞാനോര്‍ക്കാന്‍ ശ്രമിച്ചു ......
മക്കളോടു ചോദിച്ചു, ഉത്തരമില്ല.
സ്റ്റോര്‍ മുറി തുറന്ന് ഓരോ മൂലയും-
പരതാന്‍ തുടങ്ങി...,
പഴകിയ സാധനങ്ങള്‍ക്കിടയില്‍-
പല വസ്തുക്കളും എന്നോടു പറയുന്നു,
'ഓര്‍ക്കുക വല്ലപ്പോഴും.....'
അതില്‍ മുത്തച്ഛന്റെ ഭസ്മക്കൊട്ടയുണ്ട്,
മുത്തശ്ശിയുടെ വെറ്റിലച്ചെല്ലമുണ്ട്,
വലിയച്ഛന്റെ ചാരുകസേരയുണ്ട്.
എല്ലാം ഒരു പോലെ പറയുന്നു,
'ഓര്‍ക്കുക വല്ലപ്പോഴും.....'
ചുമരിനടുത്തായി ചിതലരിച്ച്
'എന്റെ ഓട്ടോഗ്രാഫ്'
അതില്‍ ....... 'വല്ലപ്പോഴും' എന്നു മാത്രം.
തിരിച്ചിറങ്ങുമ്പോള്‍ പടിക്കുപുറത്ത് ഞാനെഴുതി
'ഓര്‍ക്കുക വല്ലപ്പോഴും......'

No comments:

Post a Comment